Wednesday 11 February, 2009

കമന്റ് ഓപ്ഷന്‍ പൂട്ടിവെച്ച വാര്‍ളി ഗോമസുമായി അഭിമുഖം

ബ്ലോഗില്‍ കമന്റ് ബോക്സ് പൂട്ടിവെച്ച വാര്‍ളി ഗോമസുമായി നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപമാണ്. താഴെ കൊടുത്തിരിക്കുന്നതു

വളരെ കഷ്ടപ്പെട്ടതിനു ശേഷമാണു അഭിമുഖത്തിനുവേണ്ടി പത്തു മിനിറ്റ് എന്റെ കൂടെ ചെലവഴിക്കാമെന്നു വാര്‍ളി സമ്മതിച്ചത് . അദ്ദേഹം ഒരു ദിവസം തന്നെ അഞ്ചും പത്തും പോസ്റ്റുകള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു

മനസറിയാതെ : വാര്‍ളീ താങ്കള്‍ എന്തുകൊണ്ടാണ് ബ്ലോഗിലെ കമന്റ് ഓപ്ഷന്‍ ലോക്ക് ചെയതത്

വാര്‍ളി : അതു ചോദിക്കാന്‍ നീയാരാ. എനിക്കു ബ്ലോഗ് പൂര്‍വികരായി കൈമാറിയതോ ഭാര്യ വീട്ടില്‍ നിന്നു സ്ത്രീധനം കിട്ടിയതൊ അല്ല , കയ്യീന്നു കാശുമുടക്കി ഡൊമൈന്‍ റെജിസ്റ്റെര്‍ ചെയ്തു ഉണ്ടാകിയതാ അതുകൊണ്ട് എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കു തോന്നിയതു ചെയ്യും . നീ വേണേല്‍ വന്നു വായിച്ചു പോടേ . അല്ലെങ്കില്‍ തന്റെ പണി നോക്കടോ .എന്റെ ബ്ലോഗ് വെറും കൂതറ ബ്ലോഗ് ആണു വെറും കൂതറ (ബ്ലോഗ് എഴുതുന്ന ആളോ..?)

മനസറിയാതെ : ഞാന്‍ ഒരു പത്രപ്രവര്‍ത്തകനാണു ഞാന്‍ എന്റെ പണിതന്നെയാണു ഇപ്പോള്‍ ചെയ്യുന്നതു

വാര്‍ളി : പത്രമോ!!!! അതെന്താ....?

മനസറിയാതെ : നിങ്ങള്‍ ജോലിചെയ്യുന്നതും പത്രത്തില്‍ തന്നെയാണ്

വാര്‍ളി : ഓ പത്രം അഹങ്കാരം കൊണ്ട് വന്നവഴിയൊക്കെ മറന്നു നില്‍ക്കുന്ന ഇടവും

മനസറിയാതെ : അപ്പോ അഹങ്കാരമൊക്കെ ഉണ്ടല്ലേ

വാര്‍ളീ : എന്നുവെച്ചു അഹങ്കാരമുള്ളതിന്റെ അഹങ്കാരമൊന്നും എനിക്കില്ല , എങ്ങിനെ ഞാന്‍ അഹങ്കരിക്കാതിരിക്കും , ഞാന്‍ ബ്ലോഗിലെ മെഗസ്റ്റാര്‍ അല്ലെ ,എന്റെ തിരുവായക്കു എതിര്‍വായയുണ്ടൊ ബൂലോകത്ത്, ഞാന്‍ എന്തു പറഞ്ഞാലും അതാണു ശരി ഇനി ആരെങ്കിലും എതിര്‍ത്താല്‍ തന്നെ ഒരു പോസ്റ്റിട്ടുകൊണ്ട് അവനെ നാണംകെടുത്തിവിടും. അതുകൊണ്ട് എന്നെ എതിര്‍ക്കുന്നവര്‍ അനോണിയായെ എതിര്‍ക്കാറൊള്ളു

മനസറിയാതെ : നിങ്ങളുടെ ബ്ലോഗ് വായിക്കുന്നവരെ അല്‍പം ബഹുമാനിച്ചുകൂടേ

വാര്‍ളീ : ഞാന്‍ എന്തിനു ബഹുമാനിക്കണം ഞാന്‍ ബ്ലോഗിലെ മെഗാസ്റ്റാര്‍ ആണു .. പിന്നെ ഞാന്‍ വിളിച്ചിട്ടൊന്നുമല്ലല്ലോ വായിക്കാന്‍ വരുന്നതു വലിഞ്ഞുകയറി വരുന്നതല്ലെ. അവര്‍ എന്റെ വായിലിരിക്കുന്നതു കേള്‍ക്കാന്‍ ബാധ്യസ്തരാണു

മനസറിയാതെ : വായനക്കാര്‍ ഉള്ളതു കൊണ്ടാണു നിങ്ങള്‍ ഇങ്ങനെ പ്രശസ്തനായത്

വാര്‍ളി : വായനക്കരില്ലെങ്കിലും ഞാന്‍ പ്രശസ്തന്‍ തന്നെയാണു.. വായനക്കാര്‍ വിവരദോഷികള്‍ അല്ലെങ്കില്‍ എന്റെ പോസ്റ്റിനു നിലവാരമില്ലാ എന്നു കമന്റ് ഇടുമോ, എന്റെ പോസ്റ്റുകള്‍ എല്ലാം മഹത്തരമാണ്. അതു മോശമാണെന്നു മറ്റുള്ളവര്‍ പറയുംമ്പോളുള്ള ചൊറിച്ചില്‍ മാത്രമാണു എനിക്കുള്ളത് (വായില്‍ നിന്നു ഇങ്ങനെ ഒരു വാചകം അറിയാതെ വീണു പോയി)

മനസറിയാതെ : ഇനി കമന്റ് ഓപ്ഷന്‍ തുറക്കാന്‍ ഒരു സധ്യതയുമില്ലെ

വാര്‍ളി : എല്ലാ ബ്ലോഗര്‍മാരും എന്റെ എല്ലാ പോസ്റ്റിനും മഹത്തരം എന്ന് കമന്റ് ഇടുമെന്നു മുദ്രപ്പത്രത്തില്‍ എഴുതി തന്നാല്‍ തീര്‍ച്ചയായും കമന്റ് ഓപ്ഷന്‍ തുറക്കുന്നതായിരിക്കും

ഇത്രയും പറഞ്ഞതിനു ശേഷം തന്റെ പോസ്റ്റുകള്‍ പഴപോലെ ഏല്‍ക്കുന്നില്ല എന്നു പറയുന്നവര്‍ വെറും മൂരാച്ചികളാണെന്ന് പിറുപിറുത്തുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് പോയി .

Tuesday 10 February, 2009

നിങ്ങള്‍ പ്രശസ്തനല്ലേ..അല്ലെങ്കില്‍ മരണശേഷം പ്രശസ്തനാവാന്‍ ഒരു വഴിയിതാ....

പലര്‍ക്കും തോന്നാറുണ്ട് ഞാന്‍ പ്രശസ്തനല്ലല്ലോ, എന്നെ ആര്‍ക്കും അറിയില്ലല്ലോ ,ഞാനൊക്കെ മരിച്ചാല്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിനു യാതൊരു തെളിവുമില്ലല്ലോ ,മരിക്കുന്നതിനു മുന്‍പ് പ്രശസ്തനായില്ലെങ്കില്‍ ഒന്നു മരിച്ചതിനു ശേഷമെങ്കിലും പ്രശസ്തനായാല്‍ മതിയായിരുന്നു ,പ്രശസ്തനാവാന്‍ എന്തും ചെയ്യാന്‍ തയ്യാറാണു എന്നൊക്കെ അത്തരക്കാര്‍ക്ക്ക് മരണ ശേഷം പ്രശസ്തനാവനുള്ള വഴിയാണു ഇവിടെ ഉപദേശിക്കുന്നത്

ആദ്യം ചെയ്യേണ്ടത് കുറച്ചു വെടിമരുന്നു കുപ്പിച്ചില്ലു പൊടി കുറച്ച പാരസെറ്റമൊള്‍ ഗുളിക പൊടിച്ചതു അങ്ങിനെ ചില്ലറ സാധനങ്ങള്‍ ഗോ മൂത്രത്തില്‍ കുഴക്കുക എന്നിട്ട് ഈ കുഴമ്പ് ഒരു ചെറിയ കുപ്പിയില്‍ നിറക്കുക (ഇങ്ങനെ ചെയ്യുന്നതു എന്തിനാണെന്ന് പിന്നീട് വിശദീകരിക്കാം) അതിനു ശേഷം കുറച്ചു വസ്ത്രം വാങ്ങണം ആ വസ്ത്രത്തില്‍ നിങ്ങളെ കാണുമ്പോള്‍ ഭീകരത തോന്നണം അത്തരത്തിലുള്ള വസ്ത്രങ്ങളാണു തെരഞ്ഞെടുക്കേണ്ടതു ഇനി ചെയ്യേണ്ടത് രാജ്യത്തിന്റെ ഏതെങ്കിലും പ്രധാനപ്പെട്ട സൈനിക കേന്ദ്രത്തിലേക്ക് ആ വസ്ത്രം ധരിച്ചു മുഖം മൂടികൊണ്ട് കുപ്പിയുമായി എങ്ങിനെയെങ്കിലും നുഴഞ്ഞു കയറുക. ഇനിയിപ്പൊള്‍ നുഴഞ്ഞുകയറ്റത്തിനിടക്കു സൈനികരുടെ കണ്ണില്‍ പെട്ടാല്‍ അവര്‍ നിങ്ങളോട് സ്വാഭാവിക മായി തോക്ക് ചൂണ്ടിക്കൊണ്ട് കീഴടങ്ങാന്‍ പറയും. അപ്പോള്‍ നിങ്ങള്‍ കയ്യിലിരിക്കുന്ന കുപ്പി ഉയര്‍ത്തികാട്ടിക്കൊണ്ട്
ഇതൊരു പ്രത്യേകതരം ബോംമ്പാണു എന്നു പറയണം ( പ്രത്യേകം ശ്രദ്ധിക്കുക മലയാള ഭാഷ മാത്രമേ ഉപയോഗിക്കാവൂ നിങ്ങള്‍ ഹിന്ദിയോ ഇംഗ്ലീഷോ തമിഴോ മറ്റോ സംസാരിച്ചാല്‍ നിങ്ങള്‍ തീവ്രവാദിയാണോ എന്ന കാര്യത്തില്‍ സൈനികര്‍ക്കു സംശയം ഉണ്ടാവാന്‍ സാധ്യതയുണ്ട് കാരണം ഇപ്പോള്‍ പിടിക്കപെടുന്ന തീവ്രവാദികളെല്ലാം "ദൈവത്തിന്റെ സ്വന്തം മക്കളാണല്ലോ") അതിനു ശേഷം എങ്ങോട്ടെങ്കിലും ഓടണം അധികം ഓടിത്തളരേണ്ടി വരില്ല അപ്പോഴേക്കും നിങ്ങളെ വെടിവച്ച്‌ കൊന്നിരിക്കും (നിങ്ങളുടെ കയ്യില്‍ ബോംമ്പ് ഉള്ളതു കൊണ്ട് സൈനികര്‍ നിങ്ങളെ ജീവനോടെ പിടിക്കില്ല)

നിങ്ങള്‍ ഒരു ഹിന്ദുവാണെങ്കില്‍ മരണശേഷം വളരെ പ്രശസ്തനാവും ഹിന്ദു തീവ്രവാദവും ഇന്ത്യയില്‍ ഉണ്ട് എന്നുപറയുന്നവര്‍ക്ക് ഏറ്റവും വലിയ തെളിവാണല്ലോ നിങ്ങളുടെ മരണം , എന്തിനു.. ന്യൂനപക്ഷ വോട്ടിനു വേണ്ടി കേന്ദ്രകേരള സര്‍ക്കാറുകള്‍ നിങ്ങളുടെ മരണം ഏറ്റെടുത്തോളും നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ പരിവാര സംഘടനകള്‍ നിങ്ങള്‍ക്കു വേണ്ടി രംഗത്തെത്തിറങ്ങും . ഇത്രയും പ്രശസ്തി പോരായെന്നുണ്ടെങ്കില്‍ സൈനികര്‍ കീഴടങ്ങാന്‍ പറയുംമ്പോള്‍ " മുതലിക്ക് കീ ജയ് , ശ്രീറാം സേനാ കീജയ് " എന്ന മുദ്രാവാക്യം മുഴക്കണം (മറ്റൊരു സംഘടനയ്ക്കും ജയ് വിളിക്കരുതു കാരണം ഇപ്പോള്‍ മാര്‍ക്കറ്റ് ഈ സേനക്കാണു)

ഇനി നിങ്ങള്‍ ക്രിസ്ത്യാനിയാണെങ്കില്‍ രക്ഷപ്പെട്ടു ഇതു വരെ ക്രിസ്ത്യന്‍ തീവ്രവാദം എന്നാല്‍ മതപരിവര്‍ത്തനമായിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ ക്രിസ്ത്യന്‍ തീവ്രവാദത്തിന്റെ ഉപജ്ഞാതാവായി നിങ്ങള്‍ അറിയപ്പെടും ന്യൂനപക്ഷ വോട്ടിനു വേണ്ടി കേന്ദ്രകേരള സര്‍ക്കാറുകള്‍ നിങ്ങളുടെ മരണം ഏറ്റെടുക്കാന്‍ സാധ്യതയില്ല എന്നു വെച്ചു നിങ്ങള്‍ പേടിക്കേണ്ട .പരിവാരസംഘടനകള്‍ നിങ്ങളുടെ കാര്യം നോക്കിക്കോളും ,ക്രിസ്ത്യന്‍ തീവ്രവാദം ഉടലെടുക്കാന്‍ സാധ്യയുണ്ടെന്നു മുന്‍കൂട്ടി കണ്ടതു കൊണ്ടാണു ഒറീസയില്‍ കൂട്ടക്കൊല നടത്തിയതു എന്നു വരെ പറഞ്ഞു കളയും .ഇപ്പോഴും ക്രിസ്ത്യാനിയായ നിങ്ങള്‍ക്കു ഒരു സന്ദേഹമില്ലേ മരിച്ച ഹിന്ദുവിനെ പരിവാരസംഘടനകള്‍ നോക്കാന്‍ സാധ്യത ഉള്ളതു പോലെ നിങ്ങളെ ക്രിസ്ത്യനികള്‍ നോക്കുമോ യെന്നു അതൊക്കെ നിങ്ങളുടെ ഭാഗ്യം പോലെ ഇരിക്കും ഒരു പക്ഷേ നിങ്ങള്‍ക്കു വേണ്ടി ഇടവകകളില്‍ ഇടയലേഖനങ്ങള്‍ വരെ ഇറങ്ങും

ഇനി നിങ്ങള്‍ മുസ്ലീം ആണെങ്കില്‍ വലിയ പ്രശസ്തിയൊന്നും കിട്ടാന്‍ സാധ്യതയില്ല നിങ്ങളുടെ മരണം വലിയ കോളിളക്കമൊന്നു സൃഷ്ടിക്കില്ല ചിലപ്പോള്‍ പരിവാര സംഘടനകള്‍ പോലും തിരിഞ്ഞു നോക്കി എന്നു വരില്ല എന്നു വച്ചു വിഷമിക്കെണ്ട ഓടുന്ന സമയത്തു "അല്‍ ഖ്വയ്ത കീ ജയ് , ബിന്‍ ലാദന്‍ കീ ജയ് " എന്നു ഉറക്കെ ജയ് വിളിക്കണം .നിങ്ങളുടെ മരണം ബിന്‍ ലാദന്‍ ഇന്ത്യയിലോട്ട് തീവ്രവാദികളെ ഇറക്കിയുട്ടുണ്ട് അല്‍ ഖ്വയ്ത ഇന്ത്യയില്‍ വേരോട്ടം തുടങ്ങി എന്ന നിലയിലുള്ള ചര്‍ച്ചകള്‍ക്കു കാരണമാകും നിങ്ങളെ പരാമര്‍ശിക്കാതെ ചര്‍ച്ചകള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. അങ്ങിനെ നിങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കും . ഒരു കാര്യം കൂടി ഇതുവരെ യുള്ള അനുഭവംവെച്ച് നിങ്ങള്‍ക്കു ഒടുക്കത്തെ ഭാഗ്യമുണ്ടെങ്കില്‍ കൂടീ സമുദായം നിങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യത കുറവാണു

ഇപ്പോഴും ഒരു സംശയം ബാക്കിയില്ലേ ആദ്യം നടത്തിയ "ബോംമ്പ്" നിര്‍മാണത്തെ കുറിച്ചു. അങ്ങിനെ "ബോംമ്പ്" ഉണ്ടാക്കാന്‍ കാരണം നിങ്ങളെ ഒന്നു കൂടി പ്രശസ്തനാക്കാന്‍ വേണ്ടിയാണു. തീര്‍ച്ചയായും നിങ്ങളുടെ മരണശേഷം ആ ബോംമ്പ് പരിശോധനക്കു വിധേയമാക്കും .അതിലടങ്ങിയിരിക്കുന്ന അസംസ്കൃത വസ്തുക്കള്‍ മനസിലാക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍ ഒന്നു ഞെട്ടും പശുവിന്‍ മൂത്രത്തില്‍ നിന്നൊക്കെ ബോമ്പോ .അതുതന്നെ ഒരു വലിയ ചര്‍ച്ചയാകും . അതു ഓപ്രേറ്റ് ചെയ്യുന്നതു എങ്ങിനെയാണെന്നും അതിന്റെ വിസ്ഫോടന ശേഷിയെ കുറിച്ചും ശാസ്ത്രലോകം ഊണും ഉറക്കവുമില്ലാതെ ചര്‍ച്ച ചെയ്യും

അതി പ്രശസ്തമായ ഒരു മരണം ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു


Sunday 8 February, 2009

ഇനി ബിരുദ പഠനത്തിന്റെ കൂടെ സൌജന്യമായി കമ്മ്യൂണിസ പഠനവും

അറിഞ്ഞില്ലേ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ മായി ഇനി കമ്മ്യൂണിസവും പഠിക്കാം അധികം വൈകാതെ തന്നെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കു ഈ സൌഭാഗ്യം ലഭിക്കാനാണു സാധ്യത വാര്‍ത്ത മാത്തുക്കുട്ടിച്ചായന്റെ വെബ്‌സൈറ്റിലുണ്ട്


ഈ വാര്‍ത്ത ശരിയാണോ എന്നറിയാന്‍ നര്‍മ്മലഹരി സഖാവ് പിണങ്ങാറായിയുമായി ബാന്ധപ്പെട്ടു (ആ ബന്ധപ്പെടലല്ല) വീട്ടിലേക്കു കയറിച്ചെന്ന ഞങ്ങളോടു പിണങ്ങാറായി " പരിപ്പു വടയും കട്ടന്‍ ചായയും എടുക്കട്ടെ അതോ ബര്‍ഗറും പെപ്സിയോ " 'പരിപ്പുവടയും കട്ടന്‍ ചായയും' ഇതു കേട്ട ഞാനൊന്നു ഞെട്ടി എന്റെ ഞെട്ടല്‍ മനസിലാക്കിയ പിണങ്ങാറായി "ചില കണ്‍ട്രി സഖാക്കന്‍മാര്‍ ഇടക്കൊക്കെ വരാറുണ്ട് അവര്‍ക്കു വേണ്ടികരുതിയതാ"

മുഖവുരയൊന്നും കൂടാതെ പിണങ്ങാറായിയോടു വാര്‍ത്തയുടെ സത്യാവസ്ഥയെ കൂറിച്ചു അന്വേഷിച്ചു പിണങ്ങാറായിയുടെ മറുപടി " വാര്‍ത്ത 100% സത്യമാണു ഇപ്പോള്‍ ബിരുദതലത്തില്‍ മാത്രമേ കമ്മ്യൂണിസം പഠിപ്പിക്കാന്‍ ഉദ്യേശിക്കുന്നൊള്ളൂ. സമീപ ഭാവിയില്‍ തന്നെ കുഞ്ഞിന്` അമ്മയുടെ മുലപ്പാലിനൊപ്പം കുറച്ചു കമ്മ്യൂണിസം കൂടി നല്കാന്‍ നിയമം കൊണ്ട് വരും (പിബി യുടെ പരിഗണനയിലാണു ഈ വിഷയം) ഏത് ബിരുദവിഷയമെടുത്താലും കമ്മ്യൂണിസം പഠിച്ചിരികണം ആ രീതിയിലണു സിലബസ് ക്രമീകരിക്കാന്‍ പോകുന്നത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കൂടെകമ്മ്യൂണിസവും പഠിച്ച് വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി "സഖാവ് ഡോക്ടര്‍" എന്നറിയപ്പെടും അതുപോലെ തന്നെ മറ്റ് കോഴ്സ് പഠിക്കുന്നവരും
(ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ജേര്‍ണലിസത്തോടൊപ്പം കമ്മ്യൂണിസം കൂടി പഠിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ഡിക്ഷണറിയില്‍ നിന്നു മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്ക് നീക്കം ചെയ്യുന്നതായിരിക്കും)

സിലബസിനെ കുറിച്ച് വ്യക്തത കൈവന്നിട്ടില്ലെങ്കിലും പിണങ്ങാറായി സിലബസിനെ കൂറിച്ചു ചില സൂചനകള്‍ തന്നു" എന്നും ഒരു മണിക്കൂര്‍ വെച്ച് ഒരു കമ്മ്യൂണിസ്റ്റ് എങ്ങിനെയാവരുതു എന്ന വിഷയത്തെ കുറിച്ചു ക്ലാസ് ഉണ്ടാകും അച്ചുമ്മാമ്മയെ ഉദാഹരിച്ചാണു ക്ലാസ് മുന്‍പോട്ട് പോകുക പിന്നെ കണ്ണൂരിലെ സഖാക്കളുടെ വക വെട്ടും തടവും പ്രാക്ടിക്കല്‍ സഹിതം. സഖാവു സൂപ്പര്‍സ്റ്റാര്‍ മാമുട്ടിയുടെ വക ബ്ലോഗിലൂടെ എങ്ങിനെ കമ്മ്യൂണിസം പ്രൊജക്ട്ചെയ്യാം എന്ന വിഷയത്തെ കുറിച്ചു ക്ലാസ് ഉണ്ടാകും , മന്ത്രിയും മഹാകവിയുമായ ജി യുടെ വക "തേന്‍ മൊഴി" കളെ കുറിച്ചു ക്ലാസ് ഉണ്ടാകുംപിന്നെ കെ പി എന്‍ അഹമ്മദ് കുഞ്ഞിന്റെ വക കുരങ്ങന്‍ ചാട്ടം . ഈ പി ജയദേവന്‍ സഖാവിന്റെ വക ബോണ്ടും ബോണ്ടയും . പിണങ്ങാറായി എങ്ങിനെയാണു കൃസ്തുവിനും നബിക്കും തുല്യമാകുന്നതു എന്ന വിഷയത്തെ പി ജയദേവന്‍ കൈകാര്യം ചെയ്യും.


മടങ്ങും നേരം പിണങ്ങറായിയോട് ജനയാത്രയുടെ സമാപനത്തില്‍ ആരൊക്കെ പങ്കെടുക്കും എന്നു ചോദിച്ചു പിണങ്ങാറായി "സിബിഐ യുടെ കാടത്തത്തിനിരയായ പലരും പങ്കെടുക്കും സിസ്റ്റെര്‍ സ്റ്റെഫി , ഫാദര്‍ തത്രക്ക, ഫാദര്‍ ഡ്രസ്സൂരാന്‍ തുടങ്ങിയവര്‍ വേദിയുടെ മുന്നില്‍ തന്നെയുണ്ടാകും"

വാല്‍കഷ്ണം : നമ്മുടെ കുഞ്ഞെലിക്കുട്ടി സാഹിബങ്ങാനും കേരളത്തിന്റെ മുഖ്യമന്ത്രി ആയാല്‍ എന്തൊക്കെയാണാവോ സിലബസില്‍ ചേര്‍ക്കുക ഓര്‍ക്കുമ്പോളേ കോരിത്തരിക്കുന്നു പ്രാക്ടിക്കല്‍ കൂടി ഉണ്ടെങ്കില്‍ തൃപ്തിയായി...

Tuesday 3 February, 2009

ബൂലോക വാര്‍ത്തകള്‍

നര്‍മ്മലഹരി ബൂലോകവാര്‍ത്തകള്‍ വായിക്കുന്നതതു മനസറിയാതെ.. പ്രധാന വാര്‍ത്തകള്‍

1) ബ്ലോഗ് സാധാരണ ജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബൂലോക അക്കാദമി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലേക്കുള്ള അപേക്ഷ ക്ഷണിച്ചു പതിനെട്ട് വയസുകഴിഞ്ഞ ആര്‍ക്കും അപേക്ഷിക്കാം കൊടുങ്ങല്ലൂരു ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണന

2)വെളുത്തേടം പ്രഖ്യാപിക്കാന്‍ പോകുന്ന ബ്ലോഗ്‌ അവാര്‍ഡുകളില്‍ അശ്ലീല ബ്ലോഗ് അശ്ലീല ബ്ലോഗര്‍ അവാര്‍ഡുകള്‍ ആര്‍ക്കാണെന്ന വിവരം ലീക്കായി (അശ്ലീലത്തെ പേടിയുള്ളതുകൊണ്ട്` നര്‍മ്മലഹരി വാര്‍ത്തകള്‍ ആ പേരുവിവരം പുറത്തു വിടുന്നില്ല )

3) സൂപ്പര്‍താരം ബ്ലോഗ് എഴുത്ത് നിര്‍ത്താന്‍ കാരണം . ബ്ലോഗ് എഴുതി കൊടുക്കുന്ന ആള്‍ ലോഗിന്‍ പാസ്‌വേഡുമായി മുങ്ങിയതാണത്രെ
മറ്റൊരു വാര്‍ത്തയും പരക്കുന്നുണ്ടു സിനിമയില്‍ തട്ടിമുട്ടിയാണെങ്കിലും ലാലേട്ടനോടു കട്ടക്കു നില്‍ക്കുന്ന സൂപ്പറിനെ, ബ്ലോഗില്‍ ബാര്‍ളിയുമായി ഒരു മല്‍സരത്തിനു പോലും സ്കോപ്പില്ലെന്നു ആരോ ഉപദേശിച്ചത്രെ

ഒരു ഇടവേളക്കുശേഷം വാര്‍ത്തകള്‍ തുടരും

Monday 2 February, 2009

ബെര്‍ളിയോടു മുട്ടിയ ജോ പുസ്തകമെഴുതുന്നു

ബൂലോകത്തുനിന്നു ഒരു പുസ്തകം കൂടി... ബെര്‍ളിയുമായി മുട്ടിക്കൊണ്ട് ബ്ലോഗര്‍മാരെയും ബ്ല്ലോഗ് വായനക്കാരെയും വെറും ഉണ്ണാക്കന്‍ മാരാക്കിയ ശ്രീമാന്‍ ജോക്കര്‍ എന്ന സോറി ജോഹര്‍ എന്ന ജോ ഒരു പുസ്തകത്തിന്റെ രചനയുടെ അവസാന ഘട്ടത്തിലാണു. എങ്ങിനെ ബ്ലോഗില്‍ വായനക്കാരെ കൂട്ടാം എന്ന വിഷയത്തെ കുറിച്ചുള്ളതാണു പുസ്തകം (ഈ വിഷയത്തെ കുറിച്ചു എഴുതാന്‍ ജോയോളം അനുഭവജ്ഞാനം ബൂലോകത്തെല്ല ഭൂലോകത്തും ആര്‍ക്കും കാണില്ല) ഈ പുസ്തകം പുറത്തിറങ്ങുന്നതോടേ ആദ്യാക്ഷരി അപ്പുവൊക്കെ ബ്ലോഗ് പൂട്ടി പോകാനാണു സാധ്യത എന്തെന്നാല്‍ ബ്ലോഗിലെ സകലമാന ഹുഡായിപ്പുകളും ജോയുടെ പുസ്തകത്തിലുണ്ടാകും പിന്നെയെന്തിനാ ആദ്യാക്ഷരി (വേണമെങ്കില്‍ അപ്പുവിനു ജോയുടേ പുസ്തകം വാങ്ങി വായിച്ചു ബ്ലോഗില്‍ നാലാളെക്കൂട്ടാം)

പുസ്തകരചനയുടെ അവസാനഘട്ടത്തില്‍ ജോ വല്ലാതെ ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ടെന്ന്` ജോയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു . പ്രധാനമായും രണ്ട് കാരണങ്ങളാണു ജോയെ ടെന്‍ഷനടിപ്പിക്കുന്നതു. കാരണം ഒന്നു പുസ്തകം ആരെങ്കിലും വാങ്ങി വായിക്കണമെങ്കില്‍ ആരോടാണു കൊമ്പ് കോര്‍ക്കേണ്ടത് (ബെര്‍ലിയുമായി മുട്ടി ബ്ലോഗില്‍ ഹിറ്റ് കൂട്ടിയതു പോലെ). എട്ടില്‍ എട്ടുവട്ടം പൊട്ടിയിട്ടും പുസ്തകം തുറന്നുനോക്കാത്ത ജോ. കൂടുതല്‍ കോപ്പികള്‍ വിറ്റ് പോയ മലയാള പുസ്തകങ്ങളെ കുറിച്ചു അന്വേഷിക്കാന്‍ തുടങ്ങി അങ്ങനെ ഏതോ ഒരു നളിനി ജമീലയുടെ പുസ്തകമാണു ഏറ്റവും വിറ്റ് പോയതെന്നു കണ്ടെത്തി. നളിനി ജമീല നളിനി നെറ്റോ(നീലന്‍)യുടെ ചേച്ചിയൊ, മറ്റോ ആണെന്നാണു ജോയുടെ വിചാരം നളിനി ജമീല ആരാണെന്നു ജോയെ ആരൊ മനസിലാക്കി കൊടുത്തു അങ്ങിനെ ആ ഉദ്യമത്തില്‍ നിന്നു ജോ പിന്‍മാറി. പിന്നെ എം ടി യോട് മുട്ടിയാല്‍ എന്താ എന്നായി അധികം പ്രതികരിക്കാത്ത എംടിയോടു മുട്ടിയിട്ട് കാര്യമില്ലെന്നു ജോ തന്നെ ഗവേഷണങ്ങളിലൂടെ മനസിലാക്കി അവസാനം എംവി ദേവനോടോ ,ടി പദ്മനാഭനോടോ മുട്ടാമെന്നു ജോ ഉറപ്പിച്ചു അതിനിടക്കു മന്ത്രി സുധാകരനോട് മുട്ടിയാലോ എന്ന ചിന്ത വന്നതാണു അദ്ദേഹവും ഒന്നു രണ്ട് കവിത എഴുതിയിട്ടുണ്ടല്ലൊ ഒരു ദിവസം സുധാകരന്റെ വാമൊഴിവഴക്കം ടീവിയില്‍ കണ്ട ജോ അപ്പണി വേണ്ടെന്നു അപ്പഴേ ഉറപ്പിച്ചു . നമ്മുടെ ജോ ഇപ്പോള്‍ എം. വി ദേവന്റേയും, ടി. പദ്മനാഭന്റെയും ഓര്‍ക്കൂട്ട് പ്രൊഫൈല്‍ തപ്പിക്കൊണ്ടിരിക്കുകയാണു ഒരു ഫ്രണ്ട്ഷിപ്പു റിക്വസ്റ്റ് നല്‍കാന്‍ ( എന്തായാലും പുസ്തക രചനകോണ്ട് ഒരു ഗുണമുണ്ടായി ജോ രണ്ട് മൂന്നു എഴുത്തുകാരുടെ പേര്‌ പഠിച്ചു)

കാരണം രണ്ട് പുസ്തകത്തിന്‍ ആരെക്കൊണ്ട് അവതാരിക എഴുതിക്കും തന്നെ പ്രശസ്തനാക്കിയ ബെര്‍ളിയെക്കൊണ്ടോ അതോ പ്രശസ്തനാവനുള്ള വഴി പറഞ്ഞുതന്ന സുഹൃത്തിനെ കൊണ്ടോ..? ബെര്‍ളിയെകൊണ്ട് അവതാരിക എഴുതിക്കാനാണു ജോവിനു താല്പര്യം കാരണം സുഹൃത്ത് അവതാരികയിലങ്ങാനും "ഇവന്റെ ഗുരു താനാണെന്നു" എഴുതി പിടിപ്പിച്ചാലോ. പക്ഷെ അവതാരിക എഴുതിപ്പിച്ചു ഒന്നു സോപ്പിട്ടില്ലെങ്കില്‍ പുസ്തകം ഇറങ്ങിയാല്‍ ഇതിലെ ആശയം മുഴുവന്‍ തന്റേതാണെന്നു പറഞ്ഞു സുഹൃത്ത് കേസിനു പോയാലോ. കക്ഷത്തിലിരിക്കുന്നതു പോകും ചെയ്യരുതു ഉത്തരത്തില്‍ ഇരിക്കുന്നതു കിട്ടുകയും വേണം


വാല്‍കഷ്ണം : രണ്ട് ദിവസമായി ഊണും ഉറക്കവുമില്ലാതെ ടെന്‍ഷനടിച്ചു കഴിയുന്ന മീനാക്ഷി റെഡ്ഡി മാധവനോട് പിതാവു എന്‍. എസ് മാധവന്‍ " എന്താ മോളെ നിനക്കു ഇത്ര വിഷമം രണ്ട് ദിവസമായിട്ടു ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ലല്ലോ" മീനാക്ഷി " അച്ഛാ അതച്ഛനു പറഞ്ഞാല്‍ മനസിലാവില്ല മലയാളത്തില്‍ ഒരു ബ്ലോഗറുണ്ട് വണ്‍ മിസ്റ്റര്‍. ജോ , അദ്ദേഹം ഉടന്‍ ഇംഗ്ലീഷിലും ബ്ലോഗെഴുതുന്നുണ്ടത്രെ"

Sunday 1 February, 2009

മറ്റേ സൂപ്പര്‍ താരവും ഉടന്‍ ബ്ലോഗുന്നു

ഒരു സൂപ്പര്‍താരം തുടങ്ങിയ ബ്ലോഗില്‍ പുതിയ പോസ്റ്റൊന്നും കണാത്തത്തിന്റെ
കാരണം അന്വേഷിച്ച് കണ്ടെത്തി ഇവിടെ പോസ്റ്റിയിരുന്നു . ആ അന്വേഷണത്തിനിടക്കു എക്സ്ക്ലുസീവ് ആയി ഒരു കാര്യം അറിയാന്‍ കഴിഞ്ഞു. നമ്മുടെ മറ്റേ സൂപ്പറും ഉടന്‍ ബ്ലോഗാന്‍ തുടങ്ങുന്നു .

ബ്ലോഗ് തുടങ്ങാനുള്ള കാരണം അദ്യം ബ്ലോഗ് തുടങ്ങിയ സൂപ്പര്‍താരത്തിന്റെ ബ്ലോഗ് തുടക്കത്തിലെ വെടിക്കെട്ടിനു ശേഷം വെറും നനഞ്ഞ പടക്കമായി മാറിയതാണത്രെ ഈ സൂപ്പറിന്റെ ബ്ലോഗില്‍ എന്നും ആഘോഷമായിരിക്കും.

ബ്ലോഗിന്റെ വിജയത്തിനു വേണ്ടി താന്‍ എന്തിനും തയ്യാറാണെന്നു പെരുമ്പാവൂരുകാരന്‍ സൂപ്പറിനെ അറിയിച്ചിട്ടുണ്ട്.

ബ്ലോഗ് എങ്ങിനെയായിരിക്കണം എന്നതിനെ കുറിച്ചു തിരക്കിട്ട ചര്‍ച്ച കളാണു നടക്കുന്നതു...ഭക്ഷണ പ്രിയനും പാചകകലയില്‍ നിപുണനുമായ സൂപ്പര്‍ സ്റ്റാര്‍ എങ്ങിനെ നന്നായി പാലു കാച്ചാം എന്ന പാചക കുറിപ്പുമായിട്ടാണു ബൂലോകത്തേക്ക് പ്രവേശിക്കാന്‍ സാധ്യത പിന്നെ പോത്തിറച്ചി കൊണ്ട് എങ്ങിനെ സാബാറുണ്ടാക്കാം , ഒണക്ക ചെമ്മീന്‍ഐസ് ക്രീം എന്നിങ്ങനെ പാചക പരീക്ഷണങ്ങള്‍ നീളൂം അതു പോലെ പാചക ടിപ്പുകളും നല്കും വെജിറ്റബിള്‍ കറികളില്‍ അല്പം ചിക്കന്‍ മസാല ചേര്‍ത്താല്‍ രുചി കൂടും തൂടങ്ങിയ ടിപ്പുകള്‍

'രതിയാണു നിന്റെ വീക്‌നെസ് എങ്കില്‍ അതിന്റെ എറ്റവും ഉയര്‍ച്ചയില്‍ പോകുക' എന്ന ഓഷോ വചനത്തെ അതികരിച്ചു ഒരു ബൃഹത്ത് ലേഖനമുണ്ടാകും അതില്‍ ഇങ്ങനെ ഒരു സംശയം ഉന്നയിക്കാന്‍ സാധ്യത ഉണ്ട് 'രതിയെന്നു വെച്ചാല്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് ഒടുവില്‍ ലഭിക്കുന്നതല്ലെ ഉയരത്തില്‍ മാത്രം പോയാല്‍ ഇതു ലഭിക്കുമോ..?'

പിന്നെ മറ്റേ സൂപ്പറിന്റെ പോലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചോര്‍ത്ത് നെഞ്ചത്തടിച്ചു കരയാനോ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും സ്പാനിഷ് സജീദിനെ പോലെ പശുവളര്‍ത്താന്‍ ഇറങ്ങണമെന്നോ, ഈ സൂപ്പര്‍ പറയില്ല .പകരം നിങ്ങള്‍ ഡൂപ്ലികേറ്റ് ചോയ്‌സ് മദ്യമടിച്ചു സുഖായ് കിടന്നുറങ്ങാ കയ്യില്‍ എന്തെങ്കിലും പണമായി ഉണ്ടെങ്കില്‍ ആ പണം എഡ്‌ജ്‌ വഴി ഓഹരിയില്‍ നിക്ഷേപിക്കുക സമ്പത്തിക പ്രതിസന്ധി മാറുമ്പോള്‍ ഒഹരി വിപണി ഉയരും നിങ്ങള്‍ പണക്കാരാകും അല്ലെങ്കില്‍ ട്രാവന്‍കൂര്‍ ഗോള്‍ഡില്‍ നിന്നു സ്വര്‍ണ്ണം വാങ്ങുക സ്വര്‍ണ്ണത്തിനു വില കൂടുംബോള്‍ മറിച്ചു വില്ക്കുക . പശുവിനു പുല്ലും വൈക്കോലും കൊടുത്തോ ചാണം വാരിയോ സമയം കളയണ്ടാന്നു ചുരുക്കം . ആ സമയം നിങ്ങള്‍ ആഘോഷിക്കുക

പിന്നെ ടൊററ്റോറിയല്‍ ആര്‍മിയെ കുറിച്ചു ഒരു ചുക്കുമറിയാതെ മറ്റെ സൂപ്പറിനെ സി ബി ഐ ഡയറക്ടറാക്കണമെന്നു പോസ്റ്റിട്ടവര്‍ക്കുള്ള മറുപടി ബ്ലോഗില്‍ ഉണ്ടാവാന്‍ സധ്യതയുണ്ട്

പിന്നെ കമന്റ് മോഡറേഷന്‍ ഉണ്ടാവില്ല അതിനു സൂപ്പര്‍ പറയുന്ന ന്യായം ഇതാണു ' സുഖിക്കുക ആഘോഷിക്കുക തുടങ്ങിയ കാര്യങ്ങളിലാണു എനിക്കു താല്പര്യമെങ്കിലും സുഖിപ്പിക്കുന്നവരെക്കാള്‍ എനിക്കിഷ്ടം വിമര്‍ശിക്കുന്നവരെയാണു അല്ലാതെ ചില കണ്‍ട്രീസിനെ പോലെ മോഡറേഷന്‍ വെച്ചു സിഖിപ്പിക്കുന്ന കമന്റ് മാത്രം അനുവധിക്കാന്‍ എന്നെക്കോണ്ടാവില്ല, മോനെ ദിനേശാ ഞാന്‍ കൊണ്ടും കൊടുത്തുമാ വളര്‍ന്നതു പിന്നെ ഒരുത്തന്റെ കയ്യില്‍ നിന്നു അനൊണിമസ് ആയി തെറികേള്‍ക്കാനാണു വിധിയെങ്കില്‍ അതു സഭവിച്ചിരിക്കും അതാണുയോഗം വിധിയെ തടുക്കാന്‍ ഞാന്‍ ആരു ... ശംഭോ മഹാദേവാ... (ഇതു പറയുബോഴും സൂപ്പറിന്റെ മുഖത്തു ഒരു ഭയം ഞാന്‍ കണ്ടു എന്താകാര്യമെന്നു ഞാന്‍ രഹസ്യമായി ചോദിച്ചു ആരോടും പറയരുതു എന്നു പറഞ്ഞു സൂപ്പര്‍ എന്നൊടു കാര്യം പറഞ്ഞു ഡെ മനസറിയാതെ ആ 'ചിത്രംവരക്കാരനെങ്ങാനും' കയറി കമന്റുമോ)
സൂപ്പര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു " പിന്നെ നിങ്ങളൊക്കെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പറയാന്‍ ഞാന്‍ ആളല്ല എന്തോകൊണ്ടെന്നാല്‍ പൊന്നാനിയെന്നോ മഞ്ചേരി (ഇപ്പോള്‍ മലപ്പുറം)യെന്നൊ പറഞ്ഞു എന്നെ ഒരു പുല്ലനും കാണാന്‍ വന്നിട്ടില്ല അതുകൊണ്ട് നിങ്ങള്‍ വോട്ട് ചെയ്താലെന്ത് ചെയ്തില്ലെങ്കിലെന്തു..."

ചര്‍ച്ചകള്‍ക്കിടയിലാണു സൂപ്പറിന്റെ മാമ (ആ മാമയല്ല അമ്മയുടെ സഹോദരന്‍) കൂടിയായ സംവിധായകന്‍ സി.ഉണ്ണികൃഷ്ണന്‍ അവിടേക്ക് കയ്യറിവന്നതു . എന്തിനെ കുറിച്ചാണു ചര്‍ച്ചയെന്നു അന്വേഷിച്ചറിഞ്ഞ ഉണ്ണികൃഷ്ണനും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു
ഉണ്ണികൃഷ്ണന്റെ വക ഒരു കമന്റ് "മറ്റേ സൂപ്പറിന്റെ ബ്ലോഗ് നമ്മളു പൂട്ടിക്കും എന്നു പറഞ്ഞാലോ " സൂപ്പറിന്റെ മറുപടി " എന്റെ അമ്മാവൊ നിങ്ങളെന്നെകൊണ്ട് ചിറകരിയും എന്നു പറയിപ്പിച്ചതിന്റെ പുകില്‍ ഇപ്പോളും അടങ്ങിയിട്ടില്ല..ഇനിയും പുലിവാലുപിടിപ്പിച്ചു നിങ്ങളെന്നെ കംസനാക്കരുതു "

പുരാവസ്തു പ്രിയനായ സൂപ്പര്‍ തൊണ്ണൂറു വയസു കഴിഞ്ഞവരെ ബൂലോകത്തേക്ക് കൊണ്ടുവരാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്..

ഒറ്റ പ്രശ്‌നമേ ഉള്ളൂ ബ്ലോഗ് വായിക്കുന്ന ആണുങ്ങള്‍ എന്‍ സി ആര്‍ മുണ്ട് ധരിച്ചുകൊണ്ട് വേണം ബ്ലോഗ് വായിക്കാന്‍ പെണ്ണുങ്ങള്‍ എന്‍ സി ആര്‍ ചുരിദാര്‍ ധരിക്കണം..







minute workers

©2008,2009 JITHIN